റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും (RCB) വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധം ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഒന്നാണ്. 2008-ലെ ആദ്യ സീസൺ മുതൽ ആർ.സി.ബിയുടെ മുഖമായി മാറിയ കോഹ്ലി, 2013 മുതൽ 2021 വരെ ടീമിനെ നയിക്കുകയും ചെയ്തു. എന്നാൽ 2019 ഐ.പി.എല്ലിന് തൊട്ടുമുമ്പ് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർത്ഥിവ് പട്ടേലിനെ പുതിയ നായകനാക്കാൻ ആർ.സി.ബി മാനേജ്മെന്റ് പദ്ധതിയിട്ടിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരങ്ങളായ പാർത്ഥിവ് പട്ടേലും ഇംഗ്ലണ്ട് ഓൾറൗണ്ടർ മോയിൻ അലിയും.
മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലിൽ നടന്ന അഭിമുഖത്തിലാണ് പാർത്ഥിവ് പട്ടേൽ വർഷങ്ങൾ പഴക്കമുള്ള ഈ രഹസ്യം പരസ്യമാക്കിയത്.
2019 സീസണിന് മുന്നോടിയായി ആർ.സി.ബിയുടെ അന്നത്തെ പരിശീലകരായിരുന്ന ആശിഷ് നെഹ്റയും ഗാരി കിർസ്റ്റണും തന്നോട് ക്യാപ്റ്റൻസി ഏറ്റെടുക്കാൻ തയ്യാറായിരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് പാർത്ഥിവ് വെളിപ്പെടുത്തി:
"ഞാൻ ഇതേക്കുറിച്ച് ഇതുവരെ എവിടെയും സംസാരിച്ചിട്ടില്ല, എന്നാൽ മോയിൻ അലി ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. 'അടുത്ത വർഷത്തെ ക്യാപ്റ്റൻസിക്ക് നിന്നെയാണ് ഞങ്ങൾ പരിഗണിക്കുന്നത്, തയ്യാറായിരുന്നോളൂ' എന്ന് എന്നോട് മാനേജ്മെന്റ് ഔദ്യോഗികമായി പറഞ്ഞിരുന്നു എന്നതാണ് സത്യം. എന്നാൽ അടുത്ത സീസണായപ്പോഴേക്ക് എന്നെ ക്യാപ്റ്റനാക്കാൻ നിർദ്ദേശിച്ച ആ രണ്ട് പേരും (ആശിഷ് നെഹ്റയും ഗാരി കിർസ്റ്റണും) ടീമിൽ നിന്ന് പുറത്തായി. പുതിയ കോച്ചുമാർ വന്നു, ആ സീസണിൽ എനിക്ക് ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചതുമില്ല!" — പാർത്ഥിവ് പട്ടേൽ പറഞ്ഞു.
മുമ്പ് 'സ്പോർട്സ് തക്കിന്' നൽകിയ അഭിമുഖത്തിൽ മുൻ ആർ.സി.ബി താരമായ മോയിൻ അലിയും ഈ വിഷയം സ്ഥിരീകരിച്ചിരുന്നു:
"ഗാരി കിർസ്റ്റണിന്റെ അവസാന കാലഘട്ടത്തിൽ കോഹ്ലിക്ക് പകരം പാർത്ഥിവ് പട്ടേലിനെ ക്യാപ്റ്റനാക്കാൻ മാനേജ്മെന്റിൽ ചർച്ചകൾ നടന്നിരുന്നു. മികച്ച ക്രിക്കറ്റ് ബുദ്ധിയുള്ള കളിക്കാരനാണ് പാർത്ഥിവ്. അന്ന് ഡ്രസ്സിംഗ് റൂമിലും മാനേജ്മെന്റിലും പ്രധാന ചർച്ച ഇതുതന്നെയായിരുന്നു. പിന്നീട് എന്തുകൊണ്ടാണ് അത് നടക്കാതെ പോയതെന്ന് എനിക്കറിയില്ല, പക്ഷേ നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ ഗൗരവമായിത്തന്നെ പരിഗണിച്ചിരുന്നു." — മോയിൻ അലി വ്യക്തമാക്കി.
ക്രൈസ്റ്റ്ചർച്ചിൽ ചരിത്ര ജയം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം
ഇന്ത്യൻ ക്രിക്കറ്റിലെ 'കറുത്ത ഏടുകൾ'; ഗ്രെഗ് ചാപ്പലിനെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ്!
പ്രഗ്യാൻ ഓജ ഇന്ത്യൻ പുരുഷ സെലക്ഷൻ കമ്മിറ്റി പുതിയ അധ്യക്ഷൻ
തിരക്കുപിടിച്ച ഷെഡ്യൂളും പരിശീലനക്കുറവും; വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ!