ക്രിസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ സാക്ഷ്യം വഹിച്ചത് കായിക ലോകം ഒരിക്കലും മറക്കാത്ത ഒരു ത്രില്ലർ പോരാട്ടത്തിനാണ്. പതർച്ചയുടെ വക്കിൽ നിന്നും ഇന്ത്യയെ കൈപിടിച്ചുയർത്തി അവിസ്മരണീയമായൊരു വിജയം സമ്മാനിച്ചിരിക്കുകയാണ് യുവതാരം തിലക് വർമ്മയും നിതീഷ് കുമാർ റെഡ്ഡിയും. ആവേശകരമായ രണ്ടാം ടി20 മത്സരത്തിൽ ആതിഥേയരായ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് തകർത്താണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2-0 എന്ന നിർണായക മുൻതൂക്കം സ്വന്തമാക്കിയത്.
181 റൺസ് എന്ന കടുപ്പമേറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ, ഒരവസരത്തിൽ 112 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് തകർന്നടിഞ്ഞെങ്കിലും, അവിടെനിന്നും അസാധാരണമായ തിരിച്ചുവരവാണ് യുവനിര കാഴ്ചവെച്ചത്.
മത്സരത്തിൽ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യൻ നായകന്റെ തീരുമാനം ശരിവെക്കുന്ന രീതിയിലാണ് തുടക്കത്തിൽ ബോളർമാർ പന്തെറിഞ്ഞത്. സ്കോർബോർഡിൽ വെറും 41 റൺസ് മാത്രം ചേരുന്നതിനിടയിൽ കിവീസിന്റെ മൂന്ന് മുൻനിര ബാറ്റർമാരെ കൂടാരത്തിലേക്ക് അയക്കാൻ ഇന്ത്യക്ക് സാധിച്ചു. മികച്ച ഫോമിലുള്ള പേസർ അർഷ്ദീപ് സിംഗ് തന്റെ കൃത്യതയാർന്ന സ്പെല്ലിലൂടെ 33 റൺസ് വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി കിവീസ് നിരയെ വിറപ്പിച്ചു.
എന്നാൽ അവിടെനിന്നും കളി പൂർണ്ണമായും മാറിമറിഞ്ഞു. നാലാം വിക്കറ്റിൽ ഒന്നിച്ച ഗ്ലെൻ ഫിലിപ്സും (70) ബെവോൺ ജേക്കബും (56) ചേർന്ന് ഇന്ത്യൻ ബൗളിംഗ് നിരയെ അക്ഷരാർത്ഥത്തിൽ പ്രഹരിക്കുകയായിരുന്നു. 116 റൺസിന്റെ അതിമനോഹരമായ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. പവർപ്ലേയിലെ തകർച്ചയിൽ നിന്നും കരകയറിയ ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് എന്ന ശക്തമായ നിലയിലാണ് എത്തിയത്.
വലിയൊരു ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് തുടക്കത്തിൽ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. കിവീസ് സ്പിന്നർമാർ പിച്ചിലെ അനുകൂല സാഹചര്യം മുതലെടുത്തതോടെ ഇന്ത്യൻ ബാറ്റിംഗ് നിര പതറി. വിശേഷിച്ചും, സ്റ്റാർ സ്പിന്നർ മിച്ചൽ സാന്റ്നർ ഇന്ത്യൻ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കുന്ന കാഴ്ചയാണ് ക്രിസ്റ്റ്ചർച്ചിൽ കണ്ടത്.
കൃത്യതയാർന്ന ലൈനും ലെങ്തുമായി പന്തെറിഞ്ഞ സാന്റ്നർ 21 റൺസ് മാത്രം വിട്ടുകൊടുത്ത് 4 നിർണായക വിക്കറ്റുകളാണ് വീഴ്ത്തിയത്. ഒരുവശത്ത് വിക്കറ്റുകൾ ഒന്നിനുപുറകെ ഒന്നായി വീണുകൊണ്ടിരുന്നപ്പോൾ 15-ാം ഓവറിൽ സ്കോർ ബോർഡ് 112/6 എന്ന നിലയിലേക്ക് കൂപ്പുകുത്തി. തോൽവി ഉറപ്പിച്ച ഇടത്തുനിന്നാണ് ഇന്ത്യൻ ഇന്നിംഗ്സിന് പുതിയ ജീവൻ വെച്ചത്.
സമ്മർദ്ദത്തിന്റെ മുൾമുനയിൽ നിന്നുക്കൊണ്ട് ക്രീസിലുറച്ച തിലക് വർമ്മ കിവീസ് ബോളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. വെറും 26 പന്തുകൾ മാത്രം നേരിട്ട തിലക്, 6 മനോഹരമായ ഫോറുകളുടെയും ഒരു കൂറ്റൻ സിക്സിന്റെയും അകമ്പടിയോടെ പുറത്താകാതെ 51 റൺസ് അടിച്ചുകൂട്ടി മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കാഴ്ചവെച്ചു.
അദ്ദേഹത്തിന് മികച്ച പിന്തുണയുമായി നിതീഷ് കുമാർ റെഡ്ഡിയും ഒപ്പം ചേർന്നതോടെ കളി ഇന്ത്യയുടെ വരുതിയിലായി. പുറത്താകാതെ 26 റൺസ് നേടിയ നിതീഷ്, സമ്മർദ്ദ നിമിഷങ്ങളിലും പതറാതെ ബാറ്റ് വീശി ഒടുവിൽ വിജയ റൺസ് കൂടി നേടിയാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്. തോൽവിയുടെ വക്കിൽ നിന്നും കൈവിട്ടുപോയ മത്സരം അവിസ്മരണീയമായ ഒരു ഫിനിഷിലൂടെ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0 ന് മുന്നിലെത്തിക്കഴിഞ്ഞു. സമ്മർദ്ദ ഘട്ടങ്ങളെ അതിജീവിച്ച് യുവതാരങ്ങൾ നൽകിയ ഈ മിന്നും പ്രകടനം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാണെന്നതിന്റെ പ്രഖ്യാപനം കൂടിയാണ്.
മുംബൈ ഇന്ത്യൻസിൽ പൊള്ളാർഡ് യുഗത്തിന് തുടക്കം!
ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്: തൃപ്പൂണിത്തുറയും ലിറ്റിൽ മാസ്റ്റേഴ്സും ശക്തമായ നിലയിൽ!
സീനിയർ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ്. ക്യാപ്റ്റൻ
കിവീസിനെതിരായ രണ്ടാം ടി20ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ് പുറത്തായി ഇഷാൻ കിഷൻ!