അഞ്ച് തവണ ഐ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ പുതിയ ഹെഡ് കോച്ചായി ചുമതലയേറ്റ കീറോൺ പൊള്ളാർഡ് തന്റെ ഭാവി പദ്ധതികളും തന്ത്രങ്ങളും വ്യക്തമാക്കി. മുൻ കോച്ച് മഹേല ജയവർദ്ധനയിൽ നിന്നാണ് പൊള്ളാർഡ് പരിശീലകന്റെ പുതിയ കുപ്പായം ഏറ്റെടുക്കുന്നത്. കഴിഞ്ഞ നാല് സീസണുകളിൽ ടീമിന്റെ ബാറ്റിംഗ് കോച്ചായി പ്രവർത്തിച്ച പരിചയസമ്പത്തുമായാണ് മുംബൈയുടെ പുതിയ അമരക്കാരനാകുന്നത്.
ഡിസംബർ 16-ന് ഗോവയിൽ നടക്കുന്ന മിനി ലേലത്തിന് മുന്നോടിയായി, നവംബർ മധ്യത്തോടെ നിലനിർത്തേണ്ട താരങ്ങളുടെ (Retentions) അന്തിമ പട്ടിക തയ്യാറാക്കുക എന്നതാണ് പൊള്ളാർഡിന് മുന്നിലുള്ള ആദ്യ കടമ്പ.
തന്റെ പരിശീലക ശൈലിയിൽ തന്ത്രങ്ങളേക്കാൾ പ്രധാനം കളിക്കാരുമായുള്ള വ്യക്തിബന്ധങ്ങൾക്കും സംഭാഷണങ്ങൾക്കുമാണെന്ന് പൊള്ളാർഡ് വ്യക്തമാക്കുന്നു. ശനിയാഴ്ച മുംബൈ ഇന്ത്യൻസ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്.
"ഒരു ടീമിനെ വിജയത്തിലേക്ക് നയിക്കുന്നത് മാനേജ്‌മെന്റാണ്. ഒന്നിച്ച് ഇരുന്ന് സംസാരിക്കുന്നതിലും ഒരോ കളിക്കാരന്റെയും കഴിവുകൾ വ്യക്തമായി മനസ്സിലാക്കുന്നതിലുമാണ് കളി പഠിക്കുന്നത്. ഫോർമൽ മീറ്റിംഗുകൾക്ക് പുറത്ത് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ് പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നത്," പൊള്ളാർഡ് കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയുടെയും അനാവശ്യ ക്രിക്കറ്റ് ചർച്ചകളുടെയും കടന്നുവരവോടെ കളിക്കാർ ഒന്നിച്ച് ഇരുന്ന് കളി കാണുന്നതും വിശകലനം ചെയ്യുന്നതും കുറഞ്ഞുവെന്ന യാഥാർത്ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, തിലക് വർമ്മ, നമാൻ ധീർ തുടങ്ങിയ വൻതാരനിര അടങ്ങുന്ന ഡ്രസ്സിംഗ് റൂമിലെ സമ്മർദ്ദങ്ങൾ കുറയ്ക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് അദ്ദേഹം കരുതുന്നു.
പരാജയഭീതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്: "മനുഷ്യസഹജമായി ഏതൊരു വ്യക്തിയും ആദ്യം ചിന്തിക്കുന്നത് നെഗറ്റീവുകളെക്കുറിച്ചാണ്. പരാജയപ്പെട്ടാൽ ഏറ്റവും മോശമായി എന്താണ് സംഭവിക്കുക എന്ന് ആദ്യം ചിന്തിക്കുക. അതിൽ കൂടുതൽ ഒന്നും സംഭവിക്കാനില്ല എന്ന് മനസ്സിലാക്കുമ്പോൾ പോസിറ്റീവായി ചിന്തിക്കാൻ കഴിയും. പരാജയപ്പെട്ടാലും കുഴപ്പമില്ല, ധൈര്യത്തോടെ പോസിറ്റീവ് തീരുമാനങ്ങൾ എടുക്കുക. അതിനുശേഷമുള്ള കുറ്റബോധത്തേക്കാൾ നല്ലത് ആ നിമിഷത്തിൽ ധീരമായ തീരുമാനമെടുക്കുന്നതാണ്."
മത്സരദിവസങ്ങളിൽ കോച്ചിന് കാര്യമായ നിയന്ത്രണമില്ലെന്നും, കളിക്ക് മുന്നോടിയായുള്ള തയ്യാറെടുപ്പുകളിലാണ് ഒരു കോച്ചിന്റെ യഥാർത്ഥ പ്രകടനം അളക്കപ്പെടുന്നതെന്നും പൊള്ളാർഡ് വിശ്വസിക്കുന്നു.
"മത്സരദിവസം കാര്യങ്ങൾ നയിക്കുന്നത് ക്യാപ്റ്റനാണ്. അതിനുമുമ്പുള്ള ദിവസങ്ങളിലെ തന്ത്രരൂപീകരണവും ചർച്ചകളുമാണ് ടീമിന്റെ അടിത്തറ പാകുന്നത്. ഹാർഡ് വർക്ക്, അച്ചടക്കം, പരസ്പര ബഹുമാനം, ടീമിന്റെ ബാഡ്ജിനായി പൊരുതാനുള്ള മനോഭാവം എന്നിവയിൽ വിട്ടുവീഴ്ചയില്ല," എന്ന് അദ്ദേഹം ഉറപ്പിച്ചുപറയുന്നു.
മുംബൈ ഇന്ത്യൻസ് ഉടമസ്ഥരായ നീത അംബാനി, ആകാശ് അംബാനി എന്നിവർ മുന്നോട്ടുവെക്കുന്ന 'വൺ ഫാമിലി' എന്ന ആശയമാണ് ടീമിന്റെ കരുത്ത്. ജയത്തിലും തോൽവിയിലും ഒരുപോലെ ശാന്തത പാലിക്കാനും ചെറു വിജയങ്ങൾ ആഘോഷിക്കാനും ടീമിനെ പഠിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2010-ൽ ഒരു കളിക്കാരനായി മുംബൈയിൽ എത്തിയ പൊള്ളാർഡ്, വാംഖഡെ സ്റ്റേഡിയത്തിൽ പരിശീലകന്റെ കുപ്പായത്തിൽ നടന്നിറങ്ങുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആവേശത്തോടെ മറുപടി നൽകി: "ഏത് റോളിലാണെങ്കിലും, വാംഖഡെയിൽ മുംബൈ ഇന്ത്യൻസിന്റെ പതാക പാറിപ്പറക്കുന്നത് കാണുമ്പോഴാണ് എന്റെ മനസ്സ് നിറയുന്നത്. അത് നൽകുന്ന സന്തോഷം മറ്റൊന്നിനും നൽകാനാകില്ല!"
തിലക് വർമ്മയുടെ വെടിക്കെട്ടിൽ കിവീസിനെ വീഴ്ത്തി ഇന്ത്യക്ക് പരമ്പരയിൽ 2-0 ലീഡ്!
ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പ്: തൃപ്പൂണിത്തുറയും ലിറ്റിൽ മാസ്റ്റേഴ്സും ശക്തമായ നിലയിൽ!
സീനിയർ വനിതാ ട്വന്റി 20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ആശ എസ്. ക്യാപ്റ്റൻ
കിവീസിനെതിരായ രണ്ടാം ടി20ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ് പുറത്തായി ഇഷാൻ കിഷൻ!