ദേശീയ വനിതാ അണ്ടർ-19 ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ കരുത്തരായ മുംബൈയെ ആധികാരികമായി കീഴടക്കി കേരളത്തിന്റെ കൗമാര നിര. റോപ്പറിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിന്റെ മികച്ച വിജയമാണ് കേരള ടീം സ്വന്തമാക്കിയത്. ബൗളർമാർ കൃത്യതയോടെ പന്തെറിഞ്ഞ് മുംബൈയെ നിസ്സാര സ്കോറിലൊതുക്കിയപ്പോൾ, 21 പന്തുകൾ ബാക്കിനിൽക്കെ കേരളം അനായാസം വിജയലക്ഷ്യം കണ്ടു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. സ്കോർ ബോർഡിൽ റണ്ണെത്തും മുൻപേ ആദ്യ വിക്കറ്റ് നഷ്ടമായ മുംബൈയെ ക്യാപ്റ്റൻ ഇറാ ജാധവും (21) ധ്രുവി ത്രിവേദിയും (24) ചേർന്ന് രണ്ടാം വിക്കറ്റിൽ നേടിയ 41 റൺസ് കൂട്ടുകെട്ടാണ് പ്രാഥമിക തകർച്ചയിൽ നിന്ന് കരകയറ്റിയത്.
എന്നാൽ ഈ കൂട്ടുകെട്ട് പൊളിഞ്ഞതോടെ മുംബൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. തുടർന്നെത്തിയ ബാറ്റർമാരിൽ ഒരാൾക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ കേരള ബൗളർമാർ 19 ഓവറിൽ വെറും 87 റൺസിന് മുംബൈയെ ഓൾഔട്ടാക്കി.
കേരളത്തിന്റെ ബൗളിംഗ് തിളക്കം: ആര്യനന്ദ (3 വിക്കറ്റ്), ഇഷിത (3 വിക്കറ്റ്), അനുഷ്ക (2 വിക്കറ്റ്).
88 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ക്യാപ്റ്റൻ ശ്രേയ സിജുവും അമീറ ബിഗവും ചേർന്ന് ഒന്നാം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്ത് വിജയ അടിത്തറയിട്ടു. ശ്രേയ 33 റൺസും അമീറ 28 റൺസുമെടുത്ത് പുറത്തായി.
തുടർന്ന് വന്ന ആര്യനന്ദയും (9*) വി.ജെ. ശീതളും (6*) കൂടുതൽ നഷ്ടങ്ങളില്ലാതെ 16.3 ഓവറിൽ കേരളത്തെ വിജയതീരത്തെത്തിച്ചു (91/3). മുംബൈക്കായി സ്വര ജാധവ് രണ്ട് വിക്കറ്റ് നേടി.
സ്കോർ ചുരുക്കത്തിൽ:
മുംബൈ: 19 ഓവറിൽ 87/10 (ധ്രുവി ത്രിവേദി 24, ഇറാ ജാധവ് 21; ആര്യനന്ദ 3 വിക്കറ്റ്, ഇഷിത 3 വിക്കറ്റ്, അനുഷ്ക 2 വിക്കറ്റ്)
കേരളം: 16.3 ഓവറിൽ 91/3 (ശ്രേയ സിജു 33, അമീറ ബിഗം 28; സ്വര ജാധവ് 2 വിക്കറ്റ്)
ക്രൈസ്റ്റ്ചർച്ചിൽ ചരിത്ര ജയം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം
ഇന്ത്യൻ ക്രിക്കറ്റിലെ 'കറുത്ത ഏടുകൾ'; ഗ്രെഗ് ചാപ്പലിനെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ്!
പ്രഗ്യാൻ ഓജ ഇന്ത്യൻ പുരുഷ സെലക്ഷൻ കമ്മിറ്റി പുതിയ അധ്യക്ഷൻ
തിരക്കുപിടിച്ച ഷെഡ്യൂളും പരിശീലനക്കുറവും; വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ!