അണ്ടർ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് മികച്ച തുടക്കം. ആവേശകരമായ മത്സരത്തിൽ 59 റൺസിന്റെ നിർണായക ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കാനാണ് കേരളത്തിന് സാധിച്ചത്. കേരളത്തിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറായ 515 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ പോണ്ടിച്ചേരി 456 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച കേരളം വിക്കറ്റ് നഷ്ടപ്പെടുത്താതെ 15 റൺസ് നേടിയിട്ടുണ്ട്.
തുടക്കത്തിൽ തകർച്ച നേരിട്ട പോണ്ടിച്ചേരിയെ ക്യാപ്റ്റൻ നിതിൻ പ്രണവിന്റെയും വാലറ്റനിര താരങ്ങളുടെയും അസാമാന്യ പോരാട്ടമാണ് വലിയ സ്കോറിലെത്തിച്ചത്.
185 റൺസിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായ പോണ്ടിച്ചേരിയെ ക്യാപ്റ്റൻ നിതിൻ പ്രണവും വിക്രം കുമാറും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
പോണ്ടിച്ചേരി നിരയിൽ 80 റൺസ് എടുത്ത വിക്രം കുമാറും 74 റൺസ് നേടിയ ക്യാപ്റ്റൻ നിതിൻ പ്രണവും തിളങ്ങി.
ഒൻപതാം വിക്കറ്റിൽ നമൻ ശർമ്മയും അനുഗ്രഹ് ലത്വാളും ചേർന്ന് പടുത്തുയർത്തിയ 75 റൺസിന്റെ കൂട്ടുകെട്ട് കേരളത്തിന് ചെറിയ രീതിയിൽ ഭീഷണിയായെങ്കിലും, 52 റൺസെടുത്ത അനുഗ്രഹിനെ പുറത്താക്കി വിജയ് വിശ്വനാഥ് ആ കൂട്ടുകെട്ട് തകർക്കുകയായിരുന്നു.
കേരളത്തിനായി കൈലാസ് ബി. നായർ മൂന്ന് വിക്കറ്റും, ആദിത്യ ബൈജു, വിജയ് വിശ്വനാഥ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. ഒന്നാം ഇന്നിങ്സ് ലീഡിന്റെ മുൻതൂക്കവുമായി മുന്നേറുന്ന കേരളം മത്സരത്തിൽ പിടിമുറുക്കിക്കഴിഞ്ഞു.
ക്രൈസ്റ്റ്ചർച്ചിൽ ചരിത്ര ജയം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം
ഇന്ത്യൻ ക്രിക്കറ്റിലെ 'കറുത്ത ഏടുകൾ'; ഗ്രെഗ് ചാപ്പലിനെതിരെ കടുത്ത വിമർശനവുമായി ഹർഭജൻ സിംഗ്!
പ്രഗ്യാൻ ഓജ ഇന്ത്യൻ പുരുഷ സെലക്ഷൻ കമ്മിറ്റി പുതിയ അധ്യക്ഷൻ
തിരക്കുപിടിച്ച ഷെഡ്യൂളും പരിശീലനക്കുറവും; വെല്ലുവിളികളെക്കുറിച്ച് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ!