ഇരമ്പി മഞ്ഞക്കടൽ, പക്ഷേ വലകുലുങ്ങിയില്ല; ആവേശകരമായ മത്സരത്തിനൊടുവിൽ കൊച്ചിയിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

ഇരമ്പി മഞ്ഞക്കടൽ, പക്ഷേ വലകുലുങ്ങിയില്ല; ആവേശകരമായ മത്സരത്തിനൊടുവിൽ കൊച്ചിയിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഗാലറിയെ ഇളക്കിമറിച്ച ആരാധകരുടെ വൻ പിന്തുണയോടെ ആക്രമിച്ചു കളിച്ചിട്ടും കേരള ബ്ലാസ്റ്റേഴ്‌സിന് കൊച്ചിയിൽ സമനില. മുംബൈ സിറ്റിക്കെതിരായ ആവേശകരമായ പോരാട്ടത്തിൽ ഗോളുകളൊന്നും പിറക്കാതെ (0-0) ഇരുടീമുകളും പോയിന്റ് പങ്കുവെച്ച് പിരിഞ്ഞു.

കാലങ്ങൾക്കുശേഷം അക്ഷരാർത്ഥത്തിൽ മഞ്ഞക്കടലായി മാറിയ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. തുടക്കം മുതൽ തന്നെ ആക്രമിച്ചു കളിച്ച് പൊസഷനിൽ മുൻതൂക്കം നേടി മികച്ച കളി പുറത്തെടുക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

മധ്യനിരയിൽ നിന്ന് കൃത്യമായ പന്തുകളുമായി മികച്ച നിരവധി ഗോൾ അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ചെടുത്തെങ്കിലും അത് ഫിനിഷിങ്ങിലേക്ക് എത്തിക്കാൻ കഴിയാതെ പോയതാണ് തിരിച്ചടിയായത്. മുംബൈ പ്രതിരോധ നിരയുടെ ഉറച്ച പ്രതിരോധവും കേരളത്തിന് വെല്ലുവിളിയായി.

സീസണിൽ ആദ്യമായി പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ച മലയാളി താരം മുഹമ്മദ്‌ സനാൻ ആദ്യപകുതിയിൽ മുംബൈ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. സെർബിയൻ താരം കോസോവിച്ചും മധ്യനിരയിൽ മികച്ചുനിന്നു.

കളിയിലുടനീളം ആധിപത്യം പുലർത്താനും മികച്ച അവസരങ്ങൾ കണ്ടെത്താനും സാധിച്ചെങ്കിലും മത്സരത്തെ വിജയത്തിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. എങ്കിലും മഞ്ഞപ്പടയുടെ മികച്ച പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.